സാങ്കേതിക ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് മനുഷ്യശരീരം തന്നെ ഒരു ഡിജിറ്റൽ വാലറ്റായി മാറുന്ന മൈക്രോചിപ്പ് ഇംപ്ലാന്റ് വിദ്യ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഒരു പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ വിപ്ലവകരമായ മാറ്റം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഒരു അരിമണിയോളം മാത്രം വലിപ്പമുള്ള ചെറിയ ചിപ്പ് കൈപ്പത്തിയുടെ ചർമ്മത്തിനടിയിൽ ലളിതമായ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുന്നതാണ് ഈ രീതി. ഇതിലൂടെ ബാങ്ക് കാർഡുകളോ പഴ്സോ കയ്യിൽ കരുതതെ തന്നെ ഏത് സമയത്തും പണമിടപാടുകൾ നടത്താൻ സാധിക്കും.
സാധാരണ ബാങ്ക് കാർഡുകൾ പ്രവർത്തിക്കുന്നത് പോലെ എൻ.എഫ്.സി (NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പേയ്‌മെന്റുകൾക്ക് പുറമെ വീടിന്റെയോ ഓഫീസിന്റെയോ ഡിജിറ്റൽ ലോക്കുകൾ തുറക്കാനും, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകൾക്ക് പകരം ഐഡന്റിറ്റി കാർഡായി ഉപയോഗിക്കാനും ഈ സംവിധാനം സഹായിക്കും. സ്കാനറുകൾക്ക് മുന്നിൽ കൈ ഒന്ന് കാണിക്കുമ്പോൾ തന്നെ വിവരങ്ങൾ കൈമാറാൻ ഇതിന് സാധിക്കും. ഇത്തരം മാറ്റങ്ങൾ വരും കാലങ്ങളിൽ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇതിലെ വിവരങ്ങൾ ചോരാൻ സാധ്യതയില്ലെന്നുമാണ് നിർമ്മാതാക്കളുടെ അവകാശവാദം. എങ്കിലും, മനുഷ്യശരീരത്തിൽ ഇത്തരത്തിൽ ഒരു മൈക്രോചിപ്പ് ഇംപ്ലാന്റ് ചെയ്യുന്നത് ഭാവിയിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന കാര്യത്തിൽ ഒരു വിഭാഗം ആരോഗ്യവിദഗ്ധർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഉപയോഗിക്കുന്ന ചിപ്പുകൾ ശരീരത്തിന് ഹാനികരമല്ലാത്ത വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഭാവിയിൽ വിമാനത്താവളങ്ങളിലെ പരിശോധനകൾക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഇത്തരം ചിപ്പുകൾ ഉപയോഗിക്കാനുള്ള സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ തേടുന്നുണ്ട്. നിലവിൽ നൂറുകണക്കിന് ആളുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഉപകരണം ശരീരത്തിൽ ഘടിപ്പിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ സ്മാർട്ട് വാച്ചുകൾക്കും ഫോണുകൾക്കും പകരമായി ഇത്തരം ചിപ്പുകൾ മനുഷ്യന്റെ ഭാഗമായി മാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
PERIYA.IN
















Leave a Reply