മുള വന്ന വെളുത്തുള്ളി കഴിക്കുന്നത് സുരക്ഷിതമാണോ? വെളുത്തുള്ളി കേടാകാതെ ദീർഘകാലം ഫ്രിഡ്ജിൽ അല്ലാതെ സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെയുണ്ട്.
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് വെളുത്തുള്ളി. പല വീടുകളിലും ഒരേസമയം കൂടുതൽ വാങ്ങി സൂക്ഷിക്കുന്ന ശീലമുണ്ട്, എന്നാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ വെളുത്തുള്ളിയുടെ ഓരോ അല്ലിയുടെയും മധ്യഭാഗത്തുനിന്ന് ഇളം പച്ചനിറത്തിലുള്ള ചെറിയ മുള പുറത്തേക്ക് വരുന്നത് സാധാരണമാണ്. ഇത് കണ്ടാൽ വെളുത്തുള്ളി കേടായെന്ന് കരുതി പലരും അത് മുഴുവനായും ഉപേക്ഷിക്കാറുണ്ട്. എന്നാൽ മുളച്ച വെളുത്തുള്ളി എല്ലായ്പ്പോഴും കളയേണ്ടതില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധരും പോഷകാഹാര വിദഗ്ധരും പറയുന്നത്.
എന്തുകൊണ്ടാണ് വെളുത്തുള്ളി മുളയ്ക്കുന്നത്?
വെളുത്തുള്ളി മുളയ്ക്കുന്നത് അത് നശിച്ചുപോയതിന്റെ ലക്ഷണമേയല്ല. പുതിയ ചെടിയായി വളരാനുള്ള സ്വാഭാവിക ജൈവപ്രക്രിയയുടെ ഭാഗമാണിത്. അനുയോജ്യമായ താപനിലയും ഈർപ്പവും ലഭിക്കുമ്പോൾ വെളുത്തുള്ളിയിലെ സംഭരിച്ചിരിക്കുന്ന ഊർജ്ജം ഉപയോഗിച്ചാണ് മുള വളരാൻ തുടങ്ങുന്നത്. പ്രത്യേകിച്ച് മഴക്കാലത്തും ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിലും അല്ലെങ്കിൽ ദീർഘകാലം സൂക്ഷിച്ച വെളുത്തുള്ളികളിലുമാണ് ഈ മാറ്റം കൂടുതലായി കാണുന്നത്.
മുളച്ച വെളുത്തുള്ളി കഴിക്കാമോ?
മുള വന്ന വെളുത്തുള്ളി ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ മുള വരാൻ തുടങ്ങിയാൽ വെളുത്തുള്ളിയുടെ രുചിയിൽ ചെറിയ മാറ്റങ്ങൾ വരാം. ചിലപ്പോൾ അത് അല്പം കടുപ്പമുള്ളതാകാൻ സാധ്യതയുണ്ട്. ഈ വെളുത്തുള്ളി പച്ചയായി കഴിക്കാൻ അത്ര രുചികരമല്ല, എങ്കിലും വേവിച്ച് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
അതേസമയം ചില സാഹചര്യങ്ങളിൽ ഈ വെളുത്തുള്ളി ഒഴിവാക്കുന്നതാണ് നല്ലത്. വെളുത്തുള്ളി കറുത്തതായി മാറുകയോ, മെത്തക്കുകയോ, അഴുകിപ്പോവുകയോ, കറുത്ത പാടുകൾ നിറഞ്ഞതോ ആയ സാഹചര്യമാണെങ്കിൽ, അത് ഉപേക്ഷിക്കുകയാണ് ഉചിതം. അത്തരം വെളുത്തുള്ളി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വെളുത്തുള്ളി സൂക്ഷിക്കേണ്ട കൃത്യമായ രീതികൾ
വെളുത്തുള്ളി അധികനാൾ കേടാകാതെ സൂക്ഷിക്കണമെങ്കിൽ കൃത്യമായ രീതിയിലുള്ള സംഭരണവും പ്രധാനമാണ്.
- നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതും, നല്ല വായുസഞ്ചാരമുള്ളതുമായ തണുത്തതും വരണ്ടതുമായ സ്ഥലത്താണ് വെളുത്തുള്ളി സൂക്ഷിക്കേണ്ടത്.
- പ്ലാസ്റ്റിക് കവറുകളിൽ അടച്ചുവെക്കുന്നതിനേക്കാൾ വായു കടക്കുന്ന കൊട്ടകളിലോ, മെഷ് ബാഗുകളിലോ, പേപ്പർ ബാഗുകളിലോ സൂക്ഷിക്കുന്നതാണ് കൂടുതൽ ഉചിതം.
- സാധാരണയായി മുഴുവൻ വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിലെ ഈർപ്പം മുളയ്ക്കാനും പൂപ്പൽ പിടിക്കാനും സാധ്യത വർദ്ധിപ്പിക്കും.
- എന്നാൽ തൊലി കളഞ്ഞ അല്ലികൾ ചെറിയ കാലയളവിലേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വെളുത്തുള്ളിയിൽ ചെറിയൊരു പച്ച മുള കണ്ടാൽ ഉടൻതന്നെ അത് കളയേണ്ട സാഹചര്യമില്ല. വെളുത്തുള്ളിയുടെ നിറവും മണവും ഉറപ്പും പരിശോധിച്ച് ശേഷം മാത്രം അത് ഉപയോഗിക്കണോ ഒഴിവാക്കണോ എന്ന് തീരുമാനിക്കാവുന്നതാണ്. ഭക്ഷണം പാഴാക്കാതെ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇതുതന്നെയാണ്.
കൂടുതല്‍ വാർത്തകൾക്കായി ഞങ്ങളുടെ ചാനല്‍ ഫോളോ ചെയ്യുക. Read more…https://periya.in/yerba-mate-lionel-messi-favorite-drink/















Leave a Reply