മൈസൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ വിളമ്പുന്ന ഭക്ഷണത്തിൽ വൻ അനാസ്ഥയെന്ന് പരാതി. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റിക് കഷണങ്ങൾ, ചോറിൽ പാറ്റ എന്നിവ കണ്ടെത്തിയതോടെ മലയാളി വിദ്യാർത്ഥികൾ കനത്ത പ്രതിഷേധത്തിലാണ്.
മൈസൂരുവിലെ വിവിധ ഹോസ്റ്റലുകളിൽ താമസിക്കുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയിൽ പൊറുതിമുട്ടുന്നു. ഗ്ലോബൽ എജ്യുക്കേഷൻ സർവീസാണ് ഇവിടെ മെസ്സുകളിൽ ഭക്ഷണം എത്തിക്കുന്നത്. എൺപതിനായിരം രൂപയോളം വാർഷിക മെസ്സ് ഫീസായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും വിളമ്പുന്നത് മലിനമായ ഭക്ഷണമാണെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണത്തിൽ നിന്നും പാറ്റയെയും പ്ലാസ്റ്റിക് കഷണങ്ങളെയും വിദ്യാർത്ഥികൾ കണ്ടെത്തിയിരുന്നു.
ഭക്ഷണത്തിന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ പുറത്തുവിട്ടു. കോഴിക്കറിയിൽ തൂവലും ചോരയും കലർന്ന നിലയിലാണ് വിളമ്പുന്നതെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ പരാതിപ്പെടുന്ന വിദ്യാർത്ഥികളെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പരാതി നൽകിയാൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നുമാണ് അധികൃതരുടെ ഭീഷണി.
മൈസൂരുവിൽ പഠിക്കുന്ന നൂറുകണക്കിന് മലയാളി വിദ്യാർത്ഥികളെ ഈ പ്രശ്നം നേരിട്ട് ബാധിക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത ഭക്ഷണസാഹചര്യം വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിൽ രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും ഉടൻ നടപടിയുണ്ടാകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

















Leave a Reply