വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് ഔദ്യോഗികമായി ഏർപ്പെടുത്തിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. നിലവിലുള്ള സാഹചര്യത്തിൽ അമിതമായ ഓവർലോഡ് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇത് പൂർണ്ണമായ അർത്ഥത്തിലുള്ള ലോഡ് ഷെഡ്ഡിങ്ങല്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ (പീക്ക് അവേഴ്സ്) പരമാവധി 30 മിനിറ്റ് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോഗം കൂടുതലുള്ള പ്രദേശങ്ങളിലാകും ഈ ക്രമീകരണം ബാധകമാവുക. മഴയുടെ കുറവും ഉപഭോഗത്തിലുണ്ടായ അപ്രതീക്ഷിത വർധനവുമാണ് ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പൂയംകുട്ടി, അതിരപ്പള്ളി തുടങ്ങിയ ജലവൈദ്യുത പദ്ധതികൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെ മന്ത്രി വിമർശിച്ചു. ഇത്തരം പദ്ധതികൾ നടപ്പിലാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തിന് ഇന്നത്തെ ഈ ഗതി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പാചകത്തിനായി ഇൻഡക്ഷൻ കുക്കറുകൾ വ്യാപകമായി ഉപയോഗിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
രാത്രി സമയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും, എസി ഉപയോഗിക്കുമ്പോൾ താപനില 24-26 ഡിഗ്രി സെൽഷ്യസിനിടയിൽ ക്രമീകരിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മഴ പെയ്താൽ ഉടൻ തന്നെ ഈ വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. READ MORE https://periya.in/chengannur-youth-death-lightning-strike-football-ground/

















Leave a Reply