വി.ഡി. സതീശൻ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് വണ്ടൂരിൽ ഫ്ലക്സ് ബോർഡുകൾ; കോൺഗ്രസിൽ പോര് മുറുകുന്നു

VD SATHEESANFLEX

വി.ഡി. സതീശൻ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് മലപ്പുറം വണ്ടൂരിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കെ.സി. വേണുഗോപാലിന്റെ അതിവിശ്വസ്തനായ എ.പി. അനിൽകുമാറിന്റെ മണ്ഡലത്തിൽ തന്നെ വി.ഡി. സതീശൻ പിന്തുണച്ചുള്ള ബോർഡുകൾ വന്നത് എ ഗ്രൂപ്പിനെയും കെ.സി പക്ഷത്തെയും ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ട്. വണ്ടൂർ ബൈപ്പാസ് റോഡിലും പൂക്കളത്തുമാണ് ‘വി.ഡി.എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്നെഴുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.


ഈ നീക്കം വാർത്തയായതിന് പിന്നാലെ തന്നെ അജ്ഞാതർ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തവനൂരിലും സമാനമായ രീതിയിൽ വി.ഡി. സതീശനെ അനുകൂലിച്ച് ബോർഡുകൾ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു എന്നതിന്റെ തെളിവായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. നേരത്തെ മുഹമ്മദ് ഷിയാസ് തുടങ്ങിയ ചർച്ചകൾ ഇപ്പോൾ പരസ്യമായ പോസ്റ്റർ യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.


മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഈ പരസ്യമായ തർക്കത്തിൽ യു.ഡി.എഫിലെ ഘടകകക്ഷികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണം ലഭിക്കുന്നതിന് മുൻപേയുള്ള ഈ പടലപ്പിണക്കം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നറിയിപ്പ് നൽകി. ഇതോടെ വിഷയത്തിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ കെ.പി.സി.സിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നേതാക്കൾ സംയമനം പാലിക്കണമെന്നും അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
REEAD MORE https://periya.in/kerala-night-time-load-shedding/

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു