തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് നിയമസഭയിലെ സിറ്റിംഗ് എം.എൽ.എമാരെ ആയിരിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. ഈ നിലപാട് മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായുള്ളവർ തന്നെ ഭരണനേതൃത്വത്തിലേക്ക് വരണമെന്നതാണ് പാർട്ടിയുടെ താൽപ്പര്യമെന്ന് ജോസഫ് വിഭാഗം നേതാക്കൾ സൂചിപ്പിച്ചു. നിലവിൽ എം.എൽ.എ അല്ലാത്ത കെ.സി. വേണുഗോപാലിനെ കൊണ്ടുവരുന്നതിനോട് മുന്നണിക്കുള്ളിലെ ചില കക്ഷികൾക്ക് വിയോജിപ്പുണ്ടെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്. ഇത് കോൺഗ്രസിനുള്ളിലെ മ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കും.
രമേശ് ചെന്നിത്തല അടക്കമുള്ള സിറ്റിംഗ് എം.എൽ.എമാർക്ക് പിന്തുണ നൽകുന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ ഈ നിലപാട്. ഹൈക്കമാൻഡ് തീരുമാനം നിർണ്ണായകമാണെങ്കിലും ഘടകകക്ഷികളുടെ ഇത്തരത്തിലുള്ള പരസ്യ നിലപാടുകൾ കെ.സി. വേണുഗോപാലിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചേക്കാം. വരും ദിവസങ്ങളിൽ യു.ഡി.എഫിലെ മറ്റ് കക്ഷികളും ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണ്ണായകമാണ്.

















Leave a Reply