ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷം ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതായി ആരോപണം. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് ചെന്നൈ തകർത്തതിന് പിന്നാലെയാണ് വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മത്സരശേഷം താരങ്ങൾ പരസ്പരം കൈകൊടുക്കുന്നതിനിടെ, ഋതുരാജ് ഗെയ്ക്വാദ് കൈനീട്ടിയെങ്കിലും ഹാർദിക് പാണ്ഡ്യ അത് ശ്രദ്ധിക്കാതെ നടന്നുപോയി എന്നാണ് വീഡിയോ കണ്ട ആരാധകർ ആരോപിക്കുന്നത്. പാണ്ഡ്യയുടെ പെരുമാറ്റം സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്നും വലിയ അഹങ്കാരമാണ് അദ്ദേഹം കാണിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. മുംബൈയുടെ ഈ സീസണിലെ ഏഴാമത്തെ തോൽവിയാണിത്. പ്ലേ ഓഫ് സാധ്യതകൾ മങ്ങിയതിലുള്ള നിരാശയാണ് പാണ്ഡ്യയുടെ പെരുമാറ്റത്തിന് പിന്നിലെന്ന് ഒരു വിഭാഗം കരുതുന്നു.
എന്നാൽ, മറ്റ് ചില വീഡിയോകളിൽ പാണ്ഡ്യയും ഋതുരാജും ബൗണ്ടറി ലൈനിന് അരികിൽ വെച്ച് സംസാരിക്കുന്നത് കാണാനുണ്ടെന്നും, പ്രചരിക്കുന്ന വീഡിയോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. സീസണിലെ രണ്ട് മത്സരങ്ങളിലും മുംബൈയെ പരാജയപ്പെടുത്താൻ ചെന്നൈയ്ക്ക് സാധിച്ചു. ഋതുരാജ് ഗെയ്ക്വാദിന്റെ അർധ സെഞ്ചറി (67*) കരുത്തിലാണ് ചെന്നൈ വമ്പൻ വിജയം സ്വന്തമാക്കിയത്.
മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18.1 ഓവറിൽ ലക്ഷ്യം കണ്ടു. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗിൽ 23 പന്തിൽ 18 റൺസ് മാത്രമെടുത്ത് പതറുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. പരാജയഭാരവും ആരാധകരുടെ കൂവലുകളും പാണ്ഡ്യയെ മാനസികമായി തളർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ഈ ‘ഹസ്തദാന വിവാദം’ ഐപിഎൽ ആവേശത്തിനിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
read more https://periya.in/kochi-trading-scam-main-accused-arrested/
















Leave a Reply