കുമ്മനം രാജശേഖരൻ ആറന്മുള നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിൽ ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും മാറ്റത്തിനായി ആറന്മുള കാതോർക്കുന്നുവെന്നുമാണ് എൻഡിഎ സ്ഥാനാർത്ഥിയായ അദ്ദേഹം വ്യക്തമാക്കിയത്.
ആറന്മുളയിൽ മുൻകാലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ലഭിച്ചതിനേക്കാൾ മികച്ച വോട്ട് വിഹിതം ഇത്തവണ തനിക്ക് ലഭിക്കുമെന്ന് കുമ്മനം റിപ്പോർട്ടറിനോട് പറഞ്ഞു. നിലവിലെ എംഎൽഎയും ആരോഗ്യ മന്ത്രിയുമായ വീണ ജോർജിന് മണ്ഡലത്തിന് വേണ്ടി കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വികസിത കേരളം എന്ന ലക്ഷ്യമാണ് എൻഡിഎ മുന്നോട്ടുവെച്ചത്. പരമ്പരാഗതമായി എൽഡിഎഫിനും യുഡിഎഫിനും വോട്ട് ചെയ്തുവരുന്നവരിൽ ഒരു വലിയ വിഭാഗം ഇത്തവണ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അവർ തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ബിജെപി എന്നും മുൻപന്തിയിലുണ്ടാകുമെന്നും എല്ലാ വിശ്വാസികളും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപി ഇത്തവണ എത്ര സീറ്റുകൾ നേടുമെന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. ആറന്മുളയിൽ വിജയപ്രതീക്ഷയുണ്ടെന്നും ഫലം വരുമ്പോൾ അത് പ്രതിഫലിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
അതേസമയം, ചാത്തന്നൂർ മണ്ഡലത്തിൽ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ബി.ബി ഗോപകുമാറും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എൻഡിഎ ക്യാമ്പുകളിൽ വലിയ പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. read more https://periya.in/dr-binny-sebastian-fashion-trolls-reply/
















Leave a Reply