അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ വെടിനിർത്തൽ സംബന്ധിച്ച തങ്ങളുടെ പുതുക്കിയ നിർദ്ദേശങ്ങൾ കൈമാറി. പാകിസ്ഥാൻ മധ്യസ്ഥർ വഴിയാണ് ഇറാൻ ഈ പുതിയ നയതന്ത്ര രൂപരേഖ വാഷിംഗ്ടണിന് സമർപ്പിച്ചത്.
ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി ഇറാൻ വെടിനിർത്തൽ ചർച്ചകൾക്കായി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ഹോർമൂസ് കടലിടുക്കിലെ ഉപരോധവും ആയുധ നഷ്ടങ്ങളും മൂലം ഇരുരാജ്യങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ നീക്കം. വ്യാഴാഴ്ച രാത്രിയോടെ പാകിസ്ഥാൻ അധികൃതർക്ക് ലഭിച്ച നിർദ്ദേശങ്ങൾ അവർ അമേരിക്കൻ ഭരണകൂടത്തിന് കൈമാറുകയായിരുന്നു.
ഏപ്രിൽ 8 മുതൽ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതിനോ സ്ഥിരമായ സമാധാന ഉടമ്പടിയിലേക്കോ നീങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ പ്രൊപ്പോസൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ നിർദ്ദേശങ്ങൾ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. “ഇറാൻ ഒരു കരാറിൽ എത്താൻ ആഗ്രഹിക്കുന്നു, എന്നാൽ നിലവിലെ നിർദ്ദേശങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനല്ല” എന്നാണ് ട്രംപ് പ്രതികരിച്ചത്. വെള്ളിയാഴ്ചയോടെ യുദ്ധം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ യുദ്ധം നീട്ടുന്നതിന് കോൺഗ്രസിന്റെ അനുമതി തേടുകയോ ചെയ്യേണ്ട ഔദ്യോഗിക സമയപരിധി ട്രംപിന് മുന്നിലുണ്ട്.
ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചകൾക്കില്ലെന്ന കർക്കശ നിലപാടിലായിരുന്നു ഇറാൻ ഇതുവരെ. എന്നാൽ പുതിയ നിർദ്ദേശങ്ങൾ പുറത്തുവന്നതോടെ ആഗോള എണ്ണവിപണിയിൽ നേരിയ ആശ്വാസം പ്രകടമായിട്ടുണ്ട്. യുദ്ധം നീണ്ടുപോകുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തളർത്തുമെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാന ചർച്ചകളിൽ അന്തിമ തീരുമാനമുണ്ടായാൽ വർഷങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് ഒരു അന്ത്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Slug:
Tags:
















Leave a Reply