വാണിജ്യ ഗ്യാസ് വില വർദ്ധന -വിനെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി മെയ് ആറാം തീയതി കേരളത്തിലുടനീളമുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
രാജ്യത്ത് 19 കിലോയുടെ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ വരുത്തിയ ഭീമമായ വർദ്ധനവാണ് ഹോട്ടൽ ഉടമകളെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യ ഗ്യാസ് വില വർദ്ധനവ് പ്രാബല്യത്തിൽ വന്നത്. ഒറ്റയടിക്ക് 993 രൂപയാണ് സിലിണ്ടറിന് വർദ്ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പുതിയ വില 3,085 രൂപയായും തിരുവനന്തപുരത്ത് 3,106 രൂപയായും ഉയർന്നു. കോഴിക്കോട് സിലിണ്ടറിന് 3,117.5 രൂപയാണ് പുതിയ നിരക്ക്.
കൊച്ചിയിൽ ചേർന്ന ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കടകൾ അടച്ചിട്ടുള്ള സമരത്തിന് തീരുമാനമായത്. ഇത്രയും ഭീമമായ തുക വർദ്ധിപ്പിക്കുന്നത് ഹോട്ടൽ വ്യവസായത്തെ തകർക്കുമെന്നും പ്രവർത്തനച്ചെലവ് കുത്തനെ കൂടുന്നത് ഭക്ഷണ വിഭവങ്ങളുടെ വില ഉയർത്താൻ തങ്ങളെ നിർബന്ധിതരാക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി. തട്ടുകടകൾ മുതൽ വലിയ റെസ്റ്റോറന്റുകൾ വരെയുള്ളവയ്ക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്.
ജനദ്രോഹപരമായ ഈ തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. അതേസമയം, ലോകം മുഴുവൻ വില കൂടുകയാണെന്നും നമ്മൾ ഇത്രയെങ്കിലും പിടിച്ചു നിന്നില്ലേ എന്നുമായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. വാണിജ്യ ഗ്യാസ് വില വർദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും ഹോട്ടൽ വ്യവസായത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ. read more https://periya.in/us-eu-tariffs-trump-announcement/
















Leave a Reply