ബെംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ മതിലാണ് തകർന്നുവീണത്.
വിനോദയാത്രയ്ക്കായി ബെംഗളൂരുവിൽ എത്തിയ 52 അംഗ കുടുംബശ്രീ സംഘത്തിലെ അംഗങ്ങളാണ് മരിച്ച രണ്ടുപേരും. ബുധനാഴ്ച വൈകുന്നേരം 5:30ഓടെ നഗരത്തിൽ കനത്ത മഴ പെയ്തപ്പോൾ റോഡരികിൽ മഴ നനയാതിരിക്കാൻ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് താഴെ നിൽക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് ആശുപത്രിയുടെ മതിൽ പെട്ടെന്ന് ഇടിഞ്ഞുവീണത്. മരിച്ചവരിൽ മറ്റ് അഞ്ചുപേർ പ്രദേശത്തെ വഴിയോര കച്ചവടക്കാരാണെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പരിക്കേറ്റ മൂന്ന് സ്ത്രീകളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മാണ യൂണിറ്റിൽ നിന്നുള്ള സംഘമാണ് വിനോദയാത്രയ്ക്കായി എത്തിയത്. സംഭവസ്ഥലത്ത് പോലീസും രക്ഷാപ്രവർത്തകരും എത്തി മേൽനടപടികൾ സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയെത്തുടർന്നുണ്ടായ മതിൽ തകർച്ചയിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
read more https://periya.in/kerala-exit-poll-bjp-prediction/

















Leave a Reply